ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മഹിജ എഴുതിയ കണ്ണീരില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍...................
ഭര്‍തൃവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തിന് പിന്നില്‍ നിരന്തരമായ മാനസിക പീഡനം. തിരുവനന്തപുരം വിളപ്പില്‍ പുളിയറക്കോണം വെള്ളൈക്കടവ് അച്ചത്ത് മഹേഷ് ഭവനില്‍ പരേതനായ മോഹനന്റെയും മണിയമ്മയുടേയും മകള്‍ മഹിജ മോഹനനെയാണ് (25) ഭര്‍ത്താവ് അഭിലാഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച മഹിജ മണിക്കൂറുകള്‍ക്കകം മരണപ്പെട്ടെങ്കിലും അകാലത്തിലുണ്ടായ മരണം ദുരൂഹതകള്‍ക്കൊപ്പം ഒട്ടേറെ സംശയങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. മഹിജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
കൂലിപ്പണിക്കാരനായ പിതാവിന്റെ മരണശേഷം കെ.എസ്.ഇ.ബി ജീവനക്കാരനായ സഹോദരന്‍ മഹേഷ് പലരില്‍ നിന്നും പണം കടംവാങ്ങിയും ലോണെടുത്തുമാണ് രണ്ടര വര്‍ഷം മുമ്പ് മഹിജയെ പ്‌ളംബറായ അഭിലാഷ് കുമാറിനൊപ്പം വിവാഹം ചെയ്ത് അയച്ചത്. ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു അഭിലാഷ്. കൂലിപ്പണിക്കാരനായ പിതാവും വീട്ടമ്മയായ മാതാവും ഇളയ സഹോദരനുമുള്‍പ്പെട്ട ചെറിയ കുടുംബം. പ്രണയ വിവാഹിതനായിരുന്ന സഹോദരന്‍ ഭാര്യയുമായി വേറെ താമസമായതോടെ അഭിലാഷും മഹിജയുമായിരുന്നു മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവന്നത്.
ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നുള്ള മാനസിക പീഡനം പലതവണ മഹിജ അഭിലിഷിനോടും തന്റെ സഹോദരനായ മഹേഷിനോടും പറഞ്ഞിരുന്നതാണ്. കുടുംബ വീടുള്‍പ്പെടെ മൂന്ന് സെന്റ് സ്ഥലവും പതിമൂന്ന് പവന്‍ സ്വര്‍ണവും നല്‍കിയാണ് മഹേഷ് സഹോദരിയെ വിവാഹം കഴിപ്പിച്ചത്. ഒന്നര വര്‍ഷം മുമ്പ് ഒരു മകള്‍ പിറന്നശേഷവും സ്വര്‍ണത്തിന്റെയും പണത്തിന്റയും പേരിലും അല്ലാതെയും മഹിജയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയിരുന്നുവത്രേ. വീട്ടുകാരെ കുത്തി ഓരോന്ന് പറയുന്നത് കേട്ടുമടുത്ത അവള്‍ ഏതാനും തവണ പിണങ്ങി വന്നിരുന്നെങ്കിലും മഹേഷും ബന്ധുക്കളും ആശ്വസിപ്പിച്ചും ഉപദേശിച്ചും തിരികെ അയച്ചു. ഭര്‍തൃവീട്ടില്‍ നിന്ന് മാറി താമസിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് കരുതി അഭിലാഷിന്റെ കുടുംബത്തോട് ചേര്‍ന്നുളള വസ്തുവില്‍ ഒരു ചെറിയ വീട് നിര്‍മ്മിച്ചുകൊണ്ടിരിക്കെയാണ് വിധി മഹിജയുടെ ജീവിതത്തില്‍ വില്ലനായത്.
വീടുപണിയ്ക്ക് പത്ത് ലക്ഷം രൂപ വായ്പ നല്‍കിയതായി മഹേഷ് പറഞ്ഞെന്നാരോപിച്ചുണ്ടായ വഴക്കാണ് മഹിജയുടെ മരണത്തില്‍ കലാശിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച മഹേഷ് ഓഫീസില്‍ ഡ്യൂട്ടിയിലായിരിക്കെ പത്തര മണിയോടെ മഹിജയുടെ ഫോണെത്തി. വീട് പണിക്ക് പത്തുലക്ഷം രൂപ അഭിലാഷിന് വായ്പ നല്‍കിയോ എന്ന് ആരാഞ്ഞായിരുന്നു ഫോണ്‍. വായ്പ നല്‍കിയിട്ടില്ലെന്നും തന്റെ പക്കല്‍ പണമില്ലെന്നും പറഞ്ഞ മഹേഷ് കാര്യമെന്തെന്ന് തിരക്കി. പണം കടം നല്‍കിയതായി മഹേഷ് ആരോടോ പറഞ്ഞുവെന്നാരോപിച്ച് വീട്ടില്‍ ഭര്‍ത്തൃപിതാവും മാതാവും വഴക്കുണ്ടാക്കുന്നുവെന്നായിരുന്നു മഹിജയുടെ പരാതി.
സഹോദരിയെ ആശ്വസിപ്പിച്ച മഹേഷ് അവരോട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. ഡ്യൂട്ടിയില്‍ തുടരുന്നതിനിടെ ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ മഹിജയുടെ വീട് പണി സ്ഥലത്ത് പെയിന്റിംഗ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് മഹേഷിന്റെ ഓഫീസിലേക്ക് വിളിച്ച് സഹോദരിക്ക് സുഖമില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിയിച്ചത്. മഹേഷ് ഉടന്‍ അഭിലാഷിനെയും അയാളുടെ അച്ഛനമ്മമാരെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഹിജയെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞ മഹേഷ് ജോലി സ്ഥലത്തുനിന്ന് സുഹൃത്തിന്റെ കാറില്‍ അവരുടെ വീടിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെത്തി. ഐ.സിയുവില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഓക്‌സിജന്‍ നല്‍കി റഫര്‍ചെയ്യാനായി കിടത്തിയിരിക്കുന്ന മഹിജയെയാണ് മഹേഷിന് കാണാനായത്. ശ്വാസം മുട്ടലും വെപ്രാളവും കാട്ടിയ മഹിജയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ ഒന്നരവയസുകാരിയായ മകള്‍ അക്ഷരയെ തനിച്ചാക്കി അവള്‍ യാത്രയായി.
കൈത്തണ്ടയിലും തുടയിലും ഭര്‍തൃവീട്ടില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങള്‍ എഴുതിവച്ചശേഷമാണ് മഹിജ ജീവനൊടുക്കിയത്. ഭര്‍തൃമാതാവിനും പിതാവിനുമെതിരായ അവളുടെ സങ്കടങ്ങളായിരുന്നു കണ്ണീരില്‍ കുതിര്‍ന്ന ആ അക്ഷരങ്ങള്‍. ഇന്‍ക്വസ്റ്റ് വേളയില്‍ ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ പൊലീസ് അവ രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പല അക്ഷരങ്ങളും അവ്യക്തമായ നിലയിലായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബവീട്ടിലാണ് മഹിജയുടെ മൃതദേഹം സംസ്‌കരിച്ചത്. മഹിജയുടെ മരണത്തിനുത്തരവാദികള്‍ക്കെതിരെ സ്ത്രീധന - ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കണമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് മഹിജയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം. പൊലീസ് ഇക്കാര്യത്തില്‍ശക്തമായ നടപടികൈക്കൊള്ളാത്ത പക്ഷം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete