ഇങ്ങനൊരു അനുഭവം ഇതാദ്യം ആണ്..അവളുടെ നിലവിളി ഉയരുമ്പോള്‍ എന്റെ ശ്വാസം നിലക്കുന്നത് പോലെ...............




ആദ്യമാണ് ഇങ്ങനൊരു അനുഭവം അവളുടെ നിലവിളി ഉയരുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് നില്ക്കുന്ന പോലെ

പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല.വീട്ടിലെ ആകെപ്പാടെയുള്ള ഒരു പാര ഒഴിഞ്ഞു പോകുമല്ലോ എന്നോര്‍ത്ത് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു.കാരണം ഇരുപത്തി മൂന്ന് വര്‍ഷമായി എന്നെ പിരിഞ്ഞു നില്‍ക്കാത്തവള്‍ ഒരു കല്യാണം കഴിച്ചെന്നും പറഞ്ഞു എന്നെ വിട്ടു പോകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല.മാത്രമല്ല അടുക്കളയില്‍ കഴിക്കാന്‍ മാത്രം കയറിയിരുന്ന അവള്‍ സ്‌നേഹം മൂത്ത് അളിയന് എന്തേലും വെച്ചുണ്ടാക്കി കൊടുത്താല്‍ അവളുടെ കൈപുണ്യം അളിയന്‍ അറിഞ്ഞാല്‍, അന്ന് തന്നെ പെങ്ങള്‍ വീട്ടില്‍ വരുമെന്ന് ഓര്‍ത്തത് കൊണ്ട് അവളെ കെട്ടിച്ചു വിടാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.

കല്യാണം കഴിച്ചു പോകുമ്പോള്‍ എങ്കിലും സമാധാനം ഉണ്ടാകുമെന്ന് ഓര്‍ത്ത ഞാന്‍ വെറും വിഡ്ഢി.അളിയന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയതും പെണ്ണ് പെട്ടിയും കിടക്കയുമെടുത്തു വീട്ടിലേക്ക് പോന്നു.പഴയതില്‍ നിന്നും വിപരീതമായി, അതിശക്തമായ തിരിച്ചുവരവ്.കല്യാണം കഴിഞ്ഞത് കൊണ്ടാണോ എന്നറിയില്ല... വീട്ടില്‍ എല്ലാവര്‍ക്കും അവളോട് ഭയങ്കര സ്‌നേഹം.അല്ലെങ്കിലും കല്യാണം കഴിഞ്ഞു സ്വന്തം വീട്ടില്‍ വന്നു നിന്നു സുഖിക്കുന്നത് ഇവളുമാരുടെ സ്ഥിരം പരിപാടി ആണല്ലോ.എന്നാല്‍ പണ്ടും ഇന്നും എനിക്ക് അവളോട് സ്‌നേഹമൊന്നും തോന്നിയില്ല.അവളായിരുന്നു എന്റെ പ്രധാന ശത്രു.എനിക്ക് വഴക്കിടാനും എന്റെ തുണികള്‍ കഴുകാനും എന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്ന ചലിക്കുന്ന പാവയെ പോലെ ആയിരുന്നു എനിക്ക് അവള്‍.

( വേറെ ഒന്നും കൊണ്ടല്ലാട്ടോ.... അമിത സ്‌നേഹം കാണിച്ചാല്‍ പെണ്ണ് തലയില്‍ കയറും )കഴുത്തിലെ താലി ചരടും നെറുകയില്‍ ചാര്‍ത്തിയ സിന്ദുര കുറിയുമല്ലാതെ ഒരു വ്യത്യാസവും എനിക്ക് അവളില്‍ കാണാന്‍ സാധിച്ചില്ല.പഴയപോലെ തന്നെ എന്നോട് വഴക്കിട്ടും ഞാന്‍ എങ്ങോട്ട് ഇറങ്ങിയാലും എന്റെ കൂടെ വരാനും കൂടെ കൂടെ അമ്പലത്തില്‍ പോകാനുമെല്ലാം അവളും കൂടി .എന്റെ ഫോണിലെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാനും എന്റെ പ്രണയങ്ങള്‍ പൊളിക്കാനും അവള്‍ മറന്നില്ല.

അതിനൊക്കെ നല്ല ഇടിയും ഞാന്‍ കൊടുത്തിരുന്നു.കെട്ടിയ പെണ്ണ് ആണെന്നു പോലും ഓര്‍ക്കാതെ കുഞ്ഞിലെ കൊടുത്ത അടിയുടെയും ഇടിയുടെയും ഇരട്ടി ഇപ്പോള്‍ കൊടുക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പണ്ടേ ഇവളെ കാണുമ്പോള്‍ രണ്ടെണ്ണം കൊടുക്കാന്‍ എനിക്ക് തോന്നും .അവളോട് വഴക്കിടാന്‍ ഒരു പ്രത്യേക സുഖമാണ്.''നാണമില്ലല്ലോ നിനക്ക് കല്യാണം കഴിഞ്ഞു സ്വന്തം വീട്ടില്‍ വന്നു നില്‍ക്കാന്‍ ' എന്നും പറഞ്ഞു അവളെ ദേഷ്യപിടിപ്പിക്കുന്നത് എനിക്കൊരു ഹരമായിരുന്നു.എന്നാല്‍ വീട്ടില്‍ വന്നതിന്റെ പിറ്റേ ആഴ്ച അവളൊന്ന് തല കറങ്ങി വീണപ്പോളാണ് ഞാന്‍ ഒരു മാമന്‍ ആകാന്‍ പോകുവാണെന്ന് അറിഞ്ഞത്.

പിന്നെ വീട്ടില്‍ ആകെ ബഹളമായിരുന്നു.ആരൊക്കെയോ കാണാന്‍ വരുന്നു.മധുരം നല്കുന്നു.അവള്‍ക്ക് കഴിക്കാന്‍ ആണെങ്കില്‍ ഇഷ്ടം പോലെ സാധങ്ങള്‍.അവയില്‍ ഭൂരിഭാഗവും തിന്നു തീര്‍ത്തത് ഞാനും.അവള്‍ ഗര്‍ഭിണി ആയത് കൊണ്ട് എനിക്ക് സുഖമായി.എന്നാല്‍ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മുതല്‍ അവള്‍ക്ക് ഛര്‍ദ്ദിലും തലകറക്കവും തുടങ്ങി.എന്നോട് വഴക്കിട്ടിരുന്ന,ഓടി ചാടി നടന്നിരുന്ന അവള്‍ക്ക് കിടക്കയില്‍ നിന്നും എഴുന്നേറ്റു നടക്കാന്‍ പോലും അമ്മയുടെ സഹായം വേണ്ടി വന്നു.

ശരിക്കും സ്ത്രീകളോട് ബഹുമാനം തോന്നി തുടങ്ങിയത് അവളെ ആ അവസ്ഥയില്‍ കണ്ടത് മുതലാണ്.മാസങ്ങള്‍ കഴിയും തോറും അവളുടെ വയറു വലുതായി.വയറില്‍ താങ്ങി പിടിച്ചു പതിയെ പതിയെ നടക്കുന്നത് കണ്ട് എനിക്ക് വിഷമം തോന്നി.... മുഖം ഒട്ടി.കണ്ണുകള്‍ കുഴിഞ്ഞു.ചുണ്ടുകള്‍ നീല നിറമായി.ഇതുവരെ തോന്നാത്ത ഒരു ഇഷ്ടം അവളോട് തോന്നി തുടങ്ങിയത് അപ്പോളാണ്.മനസ്സില്‍ കുന്നോളം സ്‌നേഹം ഉണ്ടായിരുന്നുവെങ്കിലും ഒരിക്കല്‍ പോലും അവളോട് അത് തുറന്ന് കാണിക്കാനോ പ്രകടിപ്പിക്കാനോ എനിക്ക് കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അവളെ കാണുമ്പോള്‍ ഉള്ളില്‍ ഒരു നീറ്റല്‍.മനസ്സില്‍ ഒരു ഭയം.

അവള്‍ അറിയാതെ എപ്പോളും ഞാന്‍ അവളെ ശ്രദ്ധിച്ചു തുടങ്ങി.അവള്‍ സമയത്തിന് ആഹാരം കഴിക്കുന്നുണ്ടോ മരുന്ന് മറക്കുന്നുണ്ടോ എന്നൊക്കെ ഓര്‍ത്തു എനിക്ക് എങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ ആയി.ഒടുവില്‍ പ്രസവ വേദനയെടുത്ത് അവള്‍ അലമുറയിട്ടു കരഞ്ഞപ്പോള്‍ ഞാനും പൊട്ടി കരഞ്ഞു.''പേടിക്കേണ്ട'' എന്ന് ആശ്വസിപ്പിക്കാന്‍ പോലും എനിക്ക് ആയില്ല.അവളെക്കാള്‍ പേടി എനിക്കായിരുന്നു അമ്മയും അച്ഛനുമൊക്കെ സന്തോഷിച്ചിരുന്നപ്പോള്‍ പ്രസവമുറിയുടെ പുറത്തു ഇതുവരെ അനുഭവിക്കാത്ത വേദനയില്‍ ഉരുകുകയായിരുന്നു ഞാന്‍.

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം.അവളുടെ നിലവിളി ഉയരുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് നില്ക്കുന്ന പോലെ തോന്നി.ഒടുവില്‍ അസ്ഥികള്‍ നുറുങ്ങുന്ന വേദനയില്‍ അവളൊരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തപ്പോള്‍ ആദ്യമായി അവളിലെ അമ്മയെ ഞാന്‍ തൊഴുതു നിന്നു.പതിയെ ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു ''അങ്ങനെ ഞാനും ഒരു മാമ്മന്‍ ആയി....''

പൊന്നൂസിന്റെ വരവിനു ശേഷം ആ വീട് ഒരു സ്വര്‍ഗമായി തീരുന്നത് ഞാന്‍ നോക്കി കണ്ടു.കുഞ്ഞിന്റെ കളിയും ചിരിയും മാത്രമായി ഞങ്ങളുടെ ലോകം.
കുഞ്ഞിനെ കാണാന്‍ അളിയന്‍ വന്നപ്പോള്‍ മാത്രമാണ് അവളെ ഞാന്‍ അങ്ങോട്ട് വിട്ടത്.അളിയന്‍ പോയതിന്റെ പിറ്റേ ദിവസം തന്നെ അവളെ ഞാന്‍ തിരികെ വിളിച്ചു കൊണ്ട് വന്നു.കുഞ്ഞിനെ കാണാതിരിക്കാന്‍ എനിക്കും കഴിഞ്ഞിരുന്നില്ല....

കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാന്‍ ആയിരുന്നു... അവളെ കുളിപ്പിക്കാനും കണ്ണെഴുതി പൊട്ട് തൊട്ട് കൊടുക്കാനും ഞാന്‍ അതീവ താല്പര്യം കാണിച്ചിരുന്നു.കുഞ്ഞിലെ എന്റെ ചേച്ചി എന്നെ എടുത്തോണ്ട് നടന്നതും ഒരുമിച്ചു മണ്ണ് വാരി കളിച്ചതും അവളുടെ കൈയില്‍ കോര്‍ത്ത് പിടിച്ചു പിച്ചവെച്ചു നടന്നതുമെല്ലാം പോന്നൂസിനെ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വന്നു....

'' മാമാ... മാമാ.... എന്നവള്‍ വിളിക്കുമ്പോള്‍ എന്റെ മനസ്സ് കോരിത്തരിച്ചു...... -
എന്നാല്‍ ''താന്താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് താന്താന്‍ അനുഭവിച്ചീടണം ' എന്നാണല്ലോ.
മൂന്ന് വയസ്സായതും അവള്‍ അവളുടെ കുട്ടി കുറുമ്പുകള്‍ കാണിച്ചു തുടങ്ങി.ഒരു ദാക്ഷിണ്യവും കൂടാതെ നല്ല ഇടിയും കവിളില്‍ നല്ല കടിയും തന്നു തുടങ്ങി.

ഞാന്‍ എന്റെ പെങ്ങള്‍ക്ക് കൊടുത്തത് മൂന്നിരട്ടിയായി എനിക്ക് തിരിച്ചു കിട്ടാന്‍ തുടങ്ങി.ഒരു സാധനം വെച്ചാല്‍ കാണില്ല എല്ലാം വന്നു എടുത്തു വലിച്ചുവാരി ഇടാനും.എവിടേലും പോകാനിറങ്ങുന്ന എന്റെ ദേഹത്ത് തന്നെ മൂത്രം ഒഴിക്കാനും എന്റെ കൂടെ ഉറങ്ങാന്‍ വാശി പിടിച്ചു കരഞ്ഞിട്ട് ഞാന്‍ ഉറങ്ങി കഴിഞ്ഞു അലമുറയിട്ട് അമ്മയെ കാണണന്ന് പറഞ്ഞു കരഞ്ഞു എന്റെ ഉറക്കം കളയാനും മിടുമിടുക്കി ആണവള്‍.അവളുടെ എല്ലാ കുരുത്തക്കേടിനും വീട്ടുകാരുടെ കൈയില്‍ നിന്നും എനിക്ക് കിട്ടുന്നതൊ.

'' ജോലിയും കൂലിയുമില്ല... കൊച്ചിനോട് വഴക്കിടാന്‍ നടക്കുവാ.... നാണമില്ലാത്തവന്‍ ' എന്ന പേരും..'' മാമാ.... മാമാ.... ഇങ്ങു വന്നേ.... മാമ്മന്റെ ഫോണ്‍...
'' ദൈവമേ എന്റെ

നീട്ടി വിളിക്കുന്നുണ്ട് കുറുമ്പി...പോയി നോക്കട്ടെ.... ഇന്ന് എന്താ ഒപ്പിച്ചേക്കുന്നതെന്ന്..
( പെങ്ങള്‍ക്ക് നല്ല ഇടി കൊടുക്കുന്ന ആങ്ങളമാരുടെ ശ്രദ്ധക്ക്.നിങ്ങള്‍ക്കുള്ള പണി ഈ കൊച്ചു കുറുമ്പിയുടെ രൂപത്തില്‍ എത്തും.. സൂക്ഷിച്ചോ. )

Comments

Popular posts from this blog

നേരില്‍ വന്നാല്‍ ഉമ്മ തരാമെന്ന് കാമുകി; പാതിരാത്രി കാമുകിയുടെ ചുടുചുംബനം പ്രതീക്ഷിച്ച് പോയ 17 കാരനെ ഒടുവില്‍ പോലീസ് രക്ഷിച്ചത് പൊട്ടക്കിണറ്റില്‍ നിന്നും ....മാമലയില്‍ സംഭവിച്ചത് ..............................

16റാം വയസ്സില്‍ അച്ഛന്റെ കൂട്ടുകാരന്‍ മൂലം ഗര്‍ഭിണി പിന്നീട് പെണ്‍ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്............

നിങ്ങള്‍ ഇങ്ങനെ ആണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്!..