വീട്ടില്‍ കയറിവന്ന മരുമകള്‍ വീട്ടിലെ പ്രധാന ആളായി മാറിയാല്‍ ഒരു നാത്തൂന്‍ എങ്ങനെ സഹിക്കും....................




എനിക്കേറ്റവും കുശുമ്പും അസൂയയും ഉണ്ടായിരുന്ന ഒരു കാലം , 24 വയസ്സ് മുതല്‍ 32 വയസ്സ് വരെ ആണെന്ന് പറയണം.. കൂടുതലും എന്റെ സഹോദരന്റെ ഭാര്യയോടായിരുന്നു. എന്റെ വീട്ടില്‍ വന്നു കേറിയവള്‍, അമ്മയ്ക്ക് തുല്ല്യമോ ഒപ്പമോ അല്ല, അതിനും മേലെ ഒരു സ്ഥാനം ആ ദിവസം മുതല്‍ നേടിയിരിക്കുന്നു...

എന്ത് മറിമായം ആണിത്..? കൊച്ചു കൊച്ചു കാര്യങ്ങള്‍ മുതല്‍ വലിയ സംഗതികളില്‍ വരെ , ചായം മാറി അടിച്ചു തുടങ്ങി..
നെത്തോലി പീര പറ്റിച്ചാല്‍ മതി കേട്ടോ... പൊരിച്ചാല്‍ മോള്‍ക്ക് ഇഷ്ടമാകില്ല.. ഈ മോള്‍ , ആരാ..? എന്റെ നാത്തൂന്‍...
ഹൃദയം വിങ്ങിയാല് മുഖത്തു അത് വരും,.. മാളോരു കാണാതെ ഇരിക്കാന്‍ ചില്ലറ ഗോഷ്ടികള്‍ കാണിച്ചു ഞാന്‍ അങ്ങ് ചമ്മല്‍ മറയ്ക്കും.. വൈകുന്നേരങ്ങളില്‍ സ്വന്തം വീട്ടിലോട്ടു കൊച്ചിനെയും ഒക്കത്തു വെച്ച് ഒരു കറക്കം ഉണ്ട്....

അങ്ങനെ ചെന്ന എന്നോട് അച്ഛന്‍.. അയ്യോ., നീ വരുമെന്ന് ഓര്‍ത്തില്ല.. മോള്‍ക്ക് മസാല ദോശ വേണമെന്ന് പറഞ്ഞു.. രണ്ടെണ്ണമേ ഉള്ളു.. നിനക്കിഷ്ടമില്ലല്ലോ അല്ലെ...' മസാല ദോശ എനിക്ക് കണ്ടൂടാ... പക്ഷെ , ആ നിമിഷം ,

അന്ന് മസാല ദോശ എന്റെ എല്ലാം എല്ലാം ആയി.. ദേഷ്യവും സങ്കടവും കുശുമ്പും ഒക്കെ കൂടി ഒരു ഇളക്കമുണ്ടല്ലോ.. അതൊരു ഒന്നൊന്നര വികാരമാ... അതും അച്ഛന്‍..!
പുതു മോടി എന്നൊക്കെ ആശ്വസിക്കാന്‍ വയ്യ... ഇതെന്റെ അമ്മയുടെ കുടുംബത്തിലെ പാരമ്പര്യമാണ്... അവിടെ മരുമകള്‍ക്കാണ് സ്ഥാനം...
മാമന്‍ മരിച്ചു , അമ്മായിയുടെ വീട്ടില്‍ നിന്നും അവരുടെ നാട്ടില്‍ കൊണ്ട് പോകാന്‍ വന്നു വിളിച്ചപ്പോള്‍.. എന്നെ നിങ്ങള്‍ സ്‌നേഹിച്ചതിന്റെ ഇരട്ടി ഇവിടത്തെ അച്ഛനും അമ്മയും സ്‌നേഹിക്കുന്നുണ്ട്.. ഞാന്‍ വരില്ല.. എന്ന് പറയുന്നത്, അഞ്ചാം ക്ലാസ്സിലായിരുന്ന ഞാന്‍ കേട്ട് നിന്നത് ഇന്നും ഓര്‍മ്മയില്‍ ഉണ്ട്.

നാത്തൂന്മാരുടെ ഇഷ്ടം ആണ് അവിടെ നടപ്പിലാക്കുക.. ഞങ്ങള്‍ കുട്ടികള്‍ക്കും മാമിമാരെ അത്ര ഇഷ്ടമാണ്... അതൊക്കെ എനിക്ക് സന്തോഷം തന്നെ... പക്ഷെ, ഇങ്ങനൊരു ഇരുട്ടടി പ്രതീക്ഷിച്ചില്ല...
പൊന്നെ., വല്ലോം കഴിക്കു മാമിയെ പോലെ സുന്ദരി ആകേണ്ട..? പൊന്നെ..പഠിക്കണം കേട്ടോ, മാമിയെ പോലെ സ്മാര്‍ട്ട് ആകേണ്ടേ..? എന്റെ മോള്‍ടെ പിളള മനസ്സില്‍ മാമി നിറയ്ക്കാന്‍ അച്ഛനും അമ്മയും മത്സരിച്ചു.. അത് വന്‍വിജയം ആയി. മാമി ഇരിക്കുന്ന സ്ഥലത്ത് ചുമ്മാ ഒന്ന് മണം പിടിച്ചു നടന്നാലും അവള് തൃപ്ത.

വര്‍ഷങ്ങള്‍ പതിനൊന്നു കഴിഞ്ഞു. എന്റെ കുശുമ്പും അസൂയയും ഒക്കെ കുറഞ്ഞു , ഇനി ഒരു ഇത്തിരി ബാക്കി ഉള്ളു എന്ന് തോന്നുന്നു.. അത് ജാസ്തിയാല്‍ ഉള്ളതല്ലേ. അവിടെ ഇരിക്കട്ടെ.
ഇന്നെനിക്കു ജീവിക്കാന്‍ ഉള്ള ഒരു ധൈര്യം അവളാണ്. നാത്തൂനായി വന്നു കേറി എന്റെ സ്ഥാനം കയ്യടക്കിയവള്‍. ചെറിയ കാര്യം മുതല്‍ വലിയ കാര്യം വരെ അച്ഛന്‍ അഭിപ്രായം ചോദിക്കുമ്പോള്‍ മനസ്സ് കൊണ്ട് ഒരായിരം തവണ പുഛിച്ചിട്ടുണ്ട്. ഇന്ന് അവളുടെ ഒരു സാന്ത്വനം, അതൊരു ശക്തി തന്നെ ആണ്.. ലോകത്തിലെ ഒരു കൗണ്‍സിലര്‍നും പറ്റാത്ത ഒന്ന്..
പണ്ടൊക്കെ അവള്‍ മിത ഭാഷി എന്നാണ് തോന്നാറ്. ഇന്ന് കലപില ചിലയ്ക്കുന്ന ഒരു ബൊമ്മ കുട്ടി ആയി എന്റെ ചെവിക്കു ചുറ്റും ഇരിക്കും.
.
'അമ്മ ഒരാളോടാണ് അതിനു കടപ്പാട്. വിവാഹം കഴിപ്പിച്ചു വിട്ടു.. ഇനി നീ പുറത്തു.. ഇവിടെ വലുത് ഞങ്ങളുടെ മരുമകള്‍ എന്നൊരു പറച്ചില്‍ പലവട്ടം പറയാതെ പറഞ്ഞിട്ടുണ്ട്.. എന്റെ കുരുട്ടു ബുദ്ധി മാത്രമല്ല.. പലതും 'അമ്മ തടങ്കല്‍ ഇട്ടു.

സഹോദരനും ഭാര്യയും ഒന്നിച്ചു താമസം ആരംഭിച്ചപ്പോള്‍. ആ ലോകം അവരുടേതാണ്. അങ്ങോട്ട് ആരും അതിക്രമിക്കേണ്ട എന്നൊരു നിയമം പ്രകടമാക്കാന്‍ അമ്മയ്ക്ക് ആയി. കുറ്റമില്ലാത്തവള്‍ എന്നൊരു തോന്നല്‍, അവളില്‍ ശക്തമാക്കി എടുക്കാന്‍ കഴിഞ്ഞു.
പല സ്ത്രീകളും പൊട്ടിക്കരയാറുണ്ട്.. ചെന്ന് കേറിയ ആ വീട്ടില്‍ അപകര്‍ഷതാ ബോധത്തോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥ പറഞ്ഞു. എന്റെ സഹോദരന്റെ ജീവിതത്തില്‍ ഭാര്യയെ കാള്‍ സ്ഥാനം മറ്റൊരാള്‍ക്കില്ല. അവളെ കാള്‍, നല്ലൊരു പെണ്ണിനെ നിനക്ക് കിട്ടില്ല എന്ന് സദാ ഓര്‍മ്മ പെടുത്തിയ എന്റെ അച്ഛനും അമ്മയ്ക്കും ദീര്‍ഘവീക്ഷണം എത്ര ശക്തമാണ്...
മധുവിധു കാലം കഴിഞ്ഞു , നാളെ തീരുമാനം തെറ്റായി എന്ന് തോന്നരുത്.. ഇവളല്ലാതെ ഇനി ഒരുത്തി മകന്റെ ജീവിതത്തില്‍ വരരുത് എന്ന വാശി.. കാരണം , അതോടെ നശിക്കുന്നത് അവരുടെ മകന്‍ ആണ് എന്നവര്‍ക്ക് അറിയാം.

സത്യത്തില്‍, കേരളത്തിലെ ഏത് കുടുംബത്തിലെ പ്രശ്‌നവും ഈ ഒരു കാര്യം പിന്തുടര്‍ന്നാല്‍ തീരാവുന്നതാണ്... മകന്‍ വിവാഹം ആഗ്രഹിക്കുന്ന പെണ്‍കുട്ടി, അവള്‍ കുടുംബത്തിന് ചേരുന്നതല്ല എങ്കില്‍ ശക്തമായി അതിനെ എതിര്‍ക്കാം.. പക്ഷെ, അവന്റെ താലി അവളുടെ കഴുത്തില്‍ വീണാല്‍ പിന്നെ, എന്നാലും നീ എന്ത് കണ്ടിട്ട് ഇവളെ എന്നൊരു ചോദ്യം മനസ്സില്‍ പോലും ഉണ്ടാകരുത്..

തലേന്ന് വരെ ശീലിച്ച രീതി, പിറ്റേന്ന് രാവിലെ തൊട്ടു മാറ്റാന്‍ ബുദ്ധിമുട്ടാനാണ്.. ചെക്കന്‍ വീട്ടിലെ ശീലങ്ങളുമായി പൊരുത്തപെടാന്‍ സമയം കൊടുക്കണം.. വലിഞ്ഞു കേറി വന്നവള്‍ എന്നൊരു തോന്നല്‍ ഉണ്ടാക്കി എടുത്തിട്ട്, പിന്നെ അടുപ്പം ഉണ്ടാകുന്നില്ല എന്നൊരു പഴിക്കു വില എന്ത്..?
കുടുംബ ജീവിതം , ഫേസ് ബുക്കിലെ ചിരിയ്ക്കുന്ന പടം പോലെ മനോഹരമല്ല .,പലരുടെയും...! ഇപ്പുറത്ത്, made for each other എന്ന കമന്റ് വാങ്ങി കൂട്ടുമ്പോഴും, ദാമ്പത്യം ഇരുട്ടില്‍ താഴ്ന്നു പോകുന്ന അവസ്ഥ ആകും അപ്പുറത്തു...! ചൂടും നീറ്റലും അസാധ്യം എന്ന അവസ്ഥ. തൊണ്ടയില്‍ പഴുത്തിറക്കി ഒന്നിനുമാകാതെ നിസ്സഹായത അനുഭവിക്കുന്നവര്‍.

വിവാഹബന്ധം വേര്‍പെട്ടാല്‍ , സമൂഹത്തില്‍ പിന്നെ ഉളള അവസ്ഥ ഓര്‍ത്ത് മാത്രം മുന്നോട്ടു പോകുന്ന എത്രയോ പേരുണ്ട്.. ഭാര്യയും ഭര്‍ത്തവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ആകില്ല.. ചെറിയ പ്രശ്‌നങ്ങളെ വലുതാക്കി, ഒടുവില്‍ രണ്ടു പേരില്‍ ഒരാള്‍ക്ക് ഒരു അവിഹിതം ഉണ്ടെന്നു അറിയുമ്പോള്‍.. കുറ്റപെടുത്താം... ആരെ? പങ്കാളിയെ..

നല്ല ദാമ്പത്യമല്ലേല്‍ ഇങ്ങനെ ഇരിക്കും.! പിടിച്ചു നിര്‍ത്താന്‍ കഴിവ് വേണം..! തുടക്കം മുതല്‍ കേള്‍ക്കണം എന്ന് പറഞ്ഞാണ് പലരും സംസാരം ആരംഭിക്കുന്നത്.. കേട്ടിരിക്കാറുണ്ട്.. കാരണം , പ്രശ്‌നങ്ങള്‍ പല കാലഘട്ടത്തില്‍ ആയിട്ടാണ് തുടങ്ങുന്നത്.. പെട്ടന്ന് ഒരു ദിവസം അല്ല.
ചെന്ന് കേറിയ അന്ന് നാത്തൂന്‍ കാണിച്ച ദുര്‍മുഖം.. അമ്മായി 'അമ്മ മറ്റുള്ളവരുടെ മുന്നില്‍ അവഹേളിച്ചത്... അതൊക്കെ പഴയ കാല കഥകള്‍ അല്ലെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം..? ആ കഥകളുടെ തുടര്‍ച്ചയാണ്, ഇന്നത്തെ പ്രശ്‌നങ്ങള്‍...!

കൗണ്‍സിലര്‍ എന്ന നിലയ്ക്ക് അത് മുഴുവന്‍ കേള്‍ക്കാന്‍ ബാധ്യസ്ഥ ആണ്. വ്യക്തി എന്ന നിലയ്ക്ക് എനിക്കത് ഉള്‍കൊള്ളാനും മനസ്സിലാക്കാനും സാധിക്കും.

Comments

Popular posts from this blog

നേരില്‍ വന്നാല്‍ ഉമ്മ തരാമെന്ന് കാമുകി; പാതിരാത്രി കാമുകിയുടെ ചുടുചുംബനം പ്രതീക്ഷിച്ച് പോയ 17 കാരനെ ഒടുവില്‍ പോലീസ് രക്ഷിച്ചത് പൊട്ടക്കിണറ്റില്‍ നിന്നും ....മാമലയില്‍ സംഭവിച്ചത് ..............................

16റാം വയസ്സില്‍ അച്ഛന്റെ കൂട്ടുകാരന്‍ മൂലം ഗര്‍ഭിണി പിന്നീട് പെണ്‍ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്............

നിങ്ങള്‍ ഇങ്ങനെ ആണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്!..