കാമുകിയെ സംശയം തോന്നിയ കാമുകന് കാമുകി കൊടുത്ത മറുപടി..........





കാമുകിയെ സംശയം തോന്നിയ കാമുകന് കാമുകി കൊടുത്ത മറുപടി
''മൃദുലാ... ആര്‍ യൂ എ വിര്‍ജിന്‍. ? ഒരു ന്യൂ ജെനറേഷന്‍ സിനിമ കണ്ടതിന്റെ ഹാങ്ങോവറില്‍ ആയിരുന്നു അല്പസ്വല്പം ന്യൂ ജെനറേഷന്‍ സ്വഭാവങ്ങളൊക്കെയുള്ള അവളോടാ ചോദ്യം ചോദിച്ചത്. അതുവരെ കളിച്ചു ചിരിച്ചു സംസാരിച്ചിരുന്ന അവളുടെ ഞെട്ടല്‍.

''എന്താ ചോദിച്ചത്. ?'' എന്നൊരു ചോദ്യമായി പുറത്തു വന്നപ്പോള്‍ ആ ശബ്ദത്തില്‍ നിന്ന് തന്നെ അപകടം തിരിച്ചറിഞ്ഞ ഞാന്‍ ''ഏയ്... ഒന്നുമില്ല വെറുതെ ചോദിച്ചതാണ് ' എന്ന് പറഞ്ഞു വരുമ്പോഴേക്കും അങ്ങേത്തലയ്ക്കല്‍ ഫോണ്‍ കട്ടായി... വീണ്ടും ട്രൈ ചെയ്തു നോക്കിയെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല... അല്പനേരത്തിനുള്ളില്‍ തന്നെ അവള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്യുകയും ചെയ്തു.

ശെടാ... ഈ പെണ്ണുങ്ങളൊക്കെ എന്താ ഇങ്ങനെ. അല്ലേലും ഞാന്‍ എന്താ പ്പൊ അതിനുമാത്രം വലിയ അപരാധം ചെയ്തത്. ഇതുവരെ പരസ്ത്രീ ബന്ധം പുലര്‍ത്തുകയോ സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്യാത്ത കന്യകനായ ഒരു യുവാവിന് സ്വന്തം കാമുകി പരിശുദ്ധയാണോ അല്ലേ എന്നറിയാനുള്ള സ്വാതന്ത്ര്യം പോലും ഇന്നാട്ടില്‍ ഇല്ലേ.

പ്രണയം തുടങ്ങി ഇത്ര നാളായിട്ടും അവളോടു പോലും ഇതുവരെ മോശമായി പെരുമാറുകയോ മറ്റെന്തെങ്കിലും വിചാരത്തോടുകൂടി സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ല. വേണമെങ്കില്‍ അവളെ പറഞ്ഞു മയക്കി വല്ല ഹോട്ടല്‍മുറിയിലും കൊണ്ടുപോയി സ്വയം പരീക്ഷിച്ചറിയാമായിരുന്നില്ലേ. അതൊന്നും ചെയ്തില്ലല്ലോ. ജസ്റ്റ് ചോദിച്ചു എന്നല്ലേ ഉള്ളൂ. എന്നൊക്കെ ഓര്‍ത്ത് തല പുകച്ചിരിക്കുന്നതിനിടയിലാണ് അമ്മ ചായയും കൊണ്ട് വന്നത്.

''എന്തായി മോനേ ആ പെണ്ണിന്റെ കാര്യം.. ഞാനും അപ്പച്ചനുംകൂടി അവളുടെ വീടുവരെ ഒന്ന് പോയി നോക്കിയാലോ ' ചായ മേശപ്പുറത്തു വെക്കുന്നതിനിടയില്‍ അമ്മ മൃദുലയുടെ കാര്യം എടുത്തിട്ടപ്പോള്‍ ശരിക്കും ദേഷ്യം വന്നതാണ്. എന്നാലും അതൊന്നും പുറത്തു കാണിക്കാതെ. ''ആയിട്ടില്ലമ്മേ... രണ്ടുദിവസം കഴിയട്ടെ... ഞാന്‍ പറയാം എന്നിട്ട് പോയാല്‍ മതി ' എന്ന് പറഞ്ഞു.

''എന്നാ നീയാ കൊച്ചിന്റെ ഫോട്ടോ ഒന്നൂടെ അമ്മക്ക് കാണിച്ചു താടാ'' എന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ എടുത്ത് അണ്‍ലോക്ക്‌ചെ യ്തു ഗാലറിയില്‍ പോയി അവളുടെ ഫോട്ടോസ് ഓപ്പണ്‍ ചെയ്തു അമ്മയുടെ കയ്യില്‍ കൊടുത്ത് ചായ കുടിക്കാന്‍ തുടങ്ങി. ''കൊച്ചിന്റെ മൂക്കുത്തി കൊള്ളാം കേട്ടോ... ണ്ട് ഞാന്‍ നിന്റെ അപ്പച്ചനോട് മൂക്കുത്തിക്ക് വേണ്ടി കുറേ വഴക്കിട്ടതാണ് അങ്ങേര് അത് കേട്ട ഭാവം നടിച്ചില്ല.

ഇപ്പൊ നിന്നോട് പറഞ്ഞാല്‍ നീ ചിലപ്പോള്‍ വാങ്ങിത്തരും. പക്ഷേ അമ്മച്ചിക്ക് മൂക്ക് കുത്തി നടക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞുപോയില്ലേടാ. തല്‍ക്കാലം ഒരു മൂക്കുത്തിക്കാരി മരുമകളെയെങ്കിലും കിട്ടിയല്ലോ... അത് മതി അമ്മക്ക് ' എന്നൊക്കെ എന്റെ മറുപടിക്ക് പ്രതീക്ഷിക്കാതെ അമ്മ പറയുന്നതും നോക്കി ഞാന്‍ ചായ കുടി തുടര്‍ന്നു.

''അല്ലേലും ഇന്നത്തെ പെണ്‍പിള്ളേരൊക്കെ ഭാഗ്യം ചെയ്തവരാണ് ' അമ്മ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും എനിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നു ആ മുഖത്ത് നിഴലിച്ചു നിന്നിരുന്ന നിരാശ. അല്ലേലും ആഗ്രഹങ്ങളൊക്കെ ഉള്ളിലൊതുക്കി ജീവിക്കേണ്ടി വന്നതിനാലാവാം അമ്മക്ക് ഈ ന്യൂ ജെനറേഷന്‍ പെണ്‍പിള്ളാരോട് ഒടുക്കത്തെ ആരാധനയാണ്.

അതുകൊണ്ട് തന്നെയാണ് മൃദുലയെപ്പോലെ തലതെറിച്ച ഒരുത്തിയെ പ്രണയിക്കാന്‍ തീരുമാനിച്ചതും. അവളുടെ ഡ്രസ്സും നടപ്പും ആഴ്ചയില്‍ മാറിക്കൊണ്ടിരിക്കുന്ന ഹെയര്‍സ്റ്റൈലും ഒന്നുമല്ല എന്നെ ആകര്‍ഷിച്ചത്. ആ നീണ്ടു കൂര്‍ത്ത ഗോതമ്പു നിറമുള്ള മൂക്കിന്‍ തുമ്പത്തെ നീല കല്ല് വച്ച മൂക്കുത്തി ആയിരുന്നു.

ആദ്യം കണ്ട നാള്‍ മുതല്‍ അവളാണ് എന്റെ പെണ്ണ് എന്ന് മനസ്സില്‍ ഉറപ്പിച്ചതാണ്. കാത്തു കാത്തിരുന്നു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണപ്പന്തലില്‍ വച്ചു യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോള്‍ അവസരം മുതലെടുത്തു മനസ്സിലുള്ളത് അവതരിപ്പിക്കുകയും ചെയ്തു.

''ഏതായാലും തന്റെ നമ്പര്‍ തായോ... ഞാനൊന്ന് ആലോചിച്ചിട്ട് പറയാം ' എന്നായിരുന്നു അവളുടെ മറുപടി. രണ്ടു ദിവസം കഴിഞ്ഞു ഫേസ്ബുക്കില്‍ ഒരു മെസേജ് കണ്ടു നോക്കിയപ്പോള്‍ അത് അവളായിരുന്നു.

''ആദ്യം നമുക്കൊന്ന് പരിചയപ്പെടാം... എന്നിട്ട് പോരെ മാഷേ പ്രണയമൊക്കെ. പിന്നെ എനിക്ക് പറ്റില്ല എന്ന് തോന്നിയാല്‍ ഞാന്‍ ഇട്ടിട്ടു പോകും.. അന്നേരം തേപ്പുകാരി എന്നൊന്നും വിളിക്കാന്‍ വന്നേക്കരുത് ' എന്നായിരുന്നു മെസേജ്.
പിന്നീടതൊരു മുട്ടന്‍ പ്രണയമായി വളര്‍ന്നു. അതിനിടയില്‍ അവളുടെ ഫ്രണ്ട്‌സ് ഭൂരിഭാഗവും ആണ്‍കുട്ടികള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല.

പക്ഷേ പ്രണയത്തിന്റെ അടുത്ത സ്റ്റെപ്പ് ആയ വിവാഹത്തിലേക്ക് കടക്കാന്‍ നേരത്ത് മനസ്സില്‍ വല്ലാത്തൊരു ഭയം. നാളെപ്പിറ്റേന്ന് ഏതെങ്കിലും ഒരുത്തന്‍ വന്നിട്ട് ''നിന്റെ ഭാര്യയെ ഞാന്‍ കുറേ കാലം കൊണ്ടുനടന്നതാണ് ' എന്നെങ്ങാനും പറഞ്ഞാല്‍ അതോടെ തീര്‍ന്നില്ലേ എല്ലാം. ഓരോന്നോര്‍ത്ത് തലയ്ക്കു ഭ്രാന്ത് പിടിച്ചപ്പോള്‍ അവളെ ഒന്നുകൂടി വിളിച്ചു നോക്കിയെങ്കിലും അപ്പോഴും ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു.

പിറ്റേന്നും അതിന്റെ പിറ്റേന്നും അവളെ വിളിച്ചിട്ട് കിട്ടിയില്ല. അവളുടെ ഫ്രണ്ട്‌സിനെ വിളിച്ചു നോക്കിയപ്പോള്‍ അവര്‍ക്കും അറിയില്ലെന്നായിരുന്നു മറുപടി. അപ്പോഴേക്കും അവള്‍ കന്യകയാണോ അല്ലേ എന്നറിയാഞ്ഞിട്ടുള്ള ആധിയൊക്കെ മാറി അവളെ ഒന്നു കണ്ടാല്‍ മതിയായിരുന്നു ആ ശബ്ദം ഒന്നു കേട്ടാല്‍ മതിയായിരുന്നു എന്നൊക്കെ തോന്നിത്തുടങ്ങി.

രണ്ടുമൂന്ന് ദിവസത്തിനു ശേഷം പത്തുമണി കഴിഞ്ഞു മൂട്ടില്‍ വെയിലടിച്ചിട്ടും മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സമയത്താണ് ഫോണ്‍ റിംഗ് ചെയ്തത്. എടുത്ത് നോക്കിയപ്പോള്‍ അവളായിരുന്നു. ''ഇത്രേം ദിവസം നീ ഫോണും സിച്ചോഫ് ചെയ്തു വച്ചിട്ട് എവിടെപ്പോയതായിരുന്നു കോപ്പേ ' വായില്‍ വന്നത് നല്ല മുട്ടന്‍ തെറി ആയിരുന്നെങ്കിലും തല്‍ക്കാലം അല്‍പ്പം ശബ്ദം കൂട്ടി ദേഷ്യം പ്രകടിപ്പിച്ചു.

''നീ അത്യാവശ്യമായി ഒന്ന് ടൗണ്‍ വരെ വരണം... നമ്മള് സ്ഥിരം കാണാറുള്ള കോഫീഷോപ്പിലുണ്ടാവും ഞാന്‍ ' എന്ന് പറഞ്ഞ ഉടനേ അവള്‍ ഫോണ്‍ കട്ട് ചെയ്തു. ''പണ്ടാരമടങ്ങാന്‍... ' എന്നും മനസ്സിലോര്‍ത്ത് പെട്ടെന്ന് തന്നെ കുളിച്ചു ഡ്രസ്സ് മാറി ബൈക്കെടുത്തു കോഫീഷോപ്പിലേക്ക് വച്ചു പിടിച്ചു. ബൈക്ക് പാര്‍ക്ക് ചെയ്തു ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ പുറത്തേക്കിറങ്ങി വന്നു. സാധാരണപോലെ ജീന്‍സും ടോപ്പുമൊന്നുമല്ല വേഷം. ചുരിദാര്‍ ആണ്. അതവള്‍ക്ക് ഒട്ടും ചേരാത്തതുപോലെ തോന്നി.

''നമുക്കൊരിടം വരെ പോകാനുണ്ട് ' എന്നും പറഞ്ഞു നേരെ ബൈക്കിനു പുറകില്‍ കയറിയിരുന്നു. കോഫീഷോപ്പിനു പുറത്തെത്തിയപ്പോള്‍ ആണ് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചത്. ''അശോക ഹോസ്പിറ്റല്‍'' എന്ന് പറഞ്ഞ ശേഷം അവള്‍ ദേഹത്ത് മുട്ടാത്ത വണ്ണം ഒന്നുകൂടി പുറകിലേക്ക് നീങ്ങി ബൈക്കിന്റെ പുറകിലെ കമ്പിയില്‍ പിടിച്ചിരുന്നപ്പോള്‍ അവള്‍ക്കെന്നോട് വല്ലാത്തൊരു അകല്‍ച്ച വന്നതുപോലെ തോന്നി.

''അവിടെ ആരാ'' എന്ന് ചോദിച്ചെങ്കിലും മറുപടി ഒന്നും ഇല്ലാതായപ്പോള്‍ മനസ്സിന് വല്ലാത്ത ടെന്‍ഷന്‍. ഇനി അവള്‍ക്ക് വല്ല മാറാരോഗവും ആയിരിക്കുമോ കര്‍ത്താവേ എന്നൊക്കെ മനസ്സിലോര്‍ത്ത് അങ്ങനെയൊന്നും ആവരുതേ എന്ന് പ്രാര്‍ത്ഥിച്ചുപോയി. ഹോസ്പിറ്റല്‍ കോംബൗണ്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു ഇറങ്ങാന്‍ നേരം ആയിരുന്നു അവളതു പറഞ്ഞത്...

'ഇന്ന് ടെസ്റ്റിന്റെ റിസല്‍ട്ട് കിട്ടും'' എന്ന്..
നെറ്റി ചുളിച്ചുകൊണ്ട് ''എന്ത് ടെസ്റ്റിന്റെ ' എന്ന് ചോദിക്കുമ്പോള്‍ ''ഇനി വല്ല ക്യാന്‍സറും ആയിരിക്കുമോ'' എന്ന് ചെറിയൊരു ആശങ്ക പഴയതുപോലെത്തന്നെ മനസ്സില്‍ ഉണ്ടായിരുന്നു...

'വിര്‍ജിനിറ്റി ടെസ്റ്റ് ' എന്നായിരുന്നു അവളുടെ മറുപടി. അത് കേട്ട് കണ്ണ് തള്ളി നില്‍ക്കുന്നതിനിടക്ക് വായില്‍ നിന്നും ഒന്നും പുറത്തോട്ട് വന്നില്ല. ''ഈ പെണ്ണുങ്ങളുടെ അതിനകത്ത് ഉള്ളിത്തൊലി പോലൊരു പാടയുണ്ട്... അത് അവിടെത്തന്നെ ഉണ്ടോ ഇല്ലേ എന്നറിയാനുള്ള ടെസ്റ്റാണ് ' എന്ന് വിശദീകരിക്കുന്നതിനിടയില്‍ അവളുടെ മുഖത്ത് മിന്നിമറഞ്ഞ പരിഹാസച്ചിരി ചങ്കില്‍ തന്നെ ആണ് കൊണ്ടത്. അവളുടെ മുഖത്തേക്ക് നോക്കാന്‍ പോലും ത്രാണിയില്ലാത്ത തലയും കുമ്പിട്ടു നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവള്‍ വീണ്ടും തുടര്‍ന്നു...

'അതിപ്പോ പൊട്ടിപ്പോകാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല... ഓടുമ്പോഴോ ചാടുമ്പോഴോ സൈക്കിള്‍ ഓടിക്കുമ്പോഴോ മരത്തില്‍ കയറുമ്പോഴോ ഒക്കെ പൊട്ടിപ്പോകാവുന്നതേ ഉള്ളൂ. എന്നാലും ചിലപ്പൊ ഭ്യാഗ്യത്തിന് അത് അവിടെത്തന്നെ ഉണ്ടെങ്കില്‍ രക്ഷപ്പെട്ടു. തല്‍ക്കാലം സംശയങ്ങള്‍ ഇല്ലാതാക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല ' എന്ന് പറഞ്ഞു തീരുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഹോസ്പിറ്റലിലേക്ക് നടക്കാനൊരുങ്ങിയ അവളുടെ കയ്യില്‍ കടന്നു പിടിച്ചു തടയുമ്പോള്‍ കുതറാന്‍ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും വിട്ടില്ല. ''എന്റെ തെറ്റാണ്.. ഒരു പെണ്ണിന് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത കാര്യമാണ് ഞാന്‍ നിന്നോട് ചോദിച്ചത് സമ്മതിച്ചു... ക്ഷമിക്കാന്‍ പറ്റുമെങ്കില്‍ ക്ഷമിക്ക്... ' എന്ന് പറഞ്ഞെങ്കിലും ''ഇല്ല... ആദ്യം നിങ്ങളെ സംശയങ്ങള്‍ ഒക്കെ തീരട്ടെ... എന്നിട്ട്... എന്നിട്ട് മതി ബാക്കി'' എന്ന് പറഞ്ഞു കൈയില്‍ നിന്നും കുതറി മാറാന്‍ അവള്‍ വീണ്ടും ശ്രമിച്ചെങ്കിലും അവളുടെ കയ്യില്‍ പിടിച്ച പിടി വിട്ടില്ല...

പിടിച്ചു വലിച്ചു ബൈക്കില്‍ കയറ്റി ഹോസ്പിറ്റലില്‍ നിന്നും പുറത്തേക്കിറങ്ങുന്നതിനിടയില്‍. ''അത് വാങ്ങി നോക്കി അതില്‍ എന്താണെന്നറിഞ്ഞിട്ട് പോകാം'' എന്നൊക്കെ അവള്‍ പറയുന്നുണ്ടായിരുന്നു. തല്‍ക്കാലം അവള്‍ പറയുന്നതിന് ചെവി കൊടുക്കാന്‍ നിന്നില്ല. വണ്ടി നിരത്തിലൂടെ കോഫിഷോപ്പ് ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അവള്‍ ബഹളമൊക്കെ നിര്‍ത്തി പുറകില്‍ ഒരു മൈല്‍ വിട്ടു മോന്ത കടന്നല് കുത്തിയതുപോലെ വീര്‍പ്പിച്ചു പിടിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടു പാവം തോന്നി. തല്‍ക്കാലം അവളെ ഒന്ന് സമാധാനിപ്പിക്കാന്‍ വേണ്ടി. ''ഓ.. അല്ലേലും നിന്റെ ഉള്ളിത്തൊലി കിട്ടിയിട്ട് വേണം.... ഒന്ന് പോടീ അവിടുന്നും. നീ എന്റെ പെണ്ണാണ് എന്റെ മാത്രം പെണ്ണ് ഇനി അങ്ങോട്ടും അങ്ങനെത്തന്നെ ആയാല്‍ മതി'' എന്ന് പറഞ്ഞ ഉടനേ.

''ആ... എന്നിട്ടാണോ'' എന്നും ചോദിച്ചുകൊണ്ട് എന്റെ പുറത്ത് ആഞ്ഞൊരു അടി ആയിരുന്നു.
ഒപ്പം ''ഇനിയും വല്ല സംശയങ്ങളും ഉണ്ടേല്‍ ഞാന്‍ ഒഴിഞ്ഞു തരാം... എന്നിട്ട് ഇച്ചായന്‍ പത്രത്തില്‍ ഒരു പരസ്യം കൊടുത്തേക്ക് ''കന്യകയായ ഒരു വധുവിനെ ആവശ്യമുണ്ടെന്ന്... വേറൊന്നും കൊണ്ടല്ല... ഇതിപ്പൊ ഞാനായതുകൊണ്ടും നിങ്ങള്‍ക്ക് വിവരമില്ലെന്ന് നന്നായി അറിയുന്നതുകൊണ്ടും ക്ഷമിച്ചു. പക്ഷേ.. ഒരു പെണ്ണിനോട് ചോദിക്കാവുന്നതില്‍ വച്ചു ഏറ്റവും വിലകുറഞ്ഞ ഇതുപോലൊരു ചോദ്യം ഇനി മേലാല്‍ ഒരു പെണ്ണിനോടും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ്...' എന്നുകൂടി അവള്‍ കൂട്ടിച്ചേര്‍ത്തു.

ആ അടിയില്‍ പുറവും വാക്കുകളിലെ തീയില്‍ ഇടനെഞ്ചും പൊള്ളി പൊളിഞ്ഞുപോയെങ്കിലും. അവള്‍ എന്നോട് ക്ഷമിക്കാന്‍ മനസ്സ് കാണിച്ചല്ലോ എന്നുള്ള ആശ്വാസത്തില്‍ അവളോട് ഒന്നുകൂടി ചേര്‍ന്നിരിക്കാന്‍ പറഞ്ഞിട്ട്ആ നിമിഷം മുതല്‍ ഞങ്ങളൊരുമിച്ചുള്ള പുതിയ സ്വപ്നങ്ങള്‍ നെയ്തു തുടങ്ങുകയായിരുന്നു ഞാന്‍...

Comments

Popular posts from this blog

നേരില്‍ വന്നാല്‍ ഉമ്മ തരാമെന്ന് കാമുകി; പാതിരാത്രി കാമുകിയുടെ ചുടുചുംബനം പ്രതീക്ഷിച്ച് പോയ 17 കാരനെ ഒടുവില്‍ പോലീസ് രക്ഷിച്ചത് പൊട്ടക്കിണറ്റില്‍ നിന്നും ....മാമലയില്‍ സംഭവിച്ചത് ..............................

16റാം വയസ്സില്‍ അച്ഛന്റെ കൂട്ടുകാരന്‍ മൂലം ഗര്‍ഭിണി പിന്നീട് പെണ്‍ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്............

നിങ്ങള്‍ ഇങ്ങനെ ആണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്!..